വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കള്‍, സൂചിപ്പിച്ചപ്പോള്‍ പേടിക്കേണ്ടെന്ന് പറഞ്ഞു

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ഏറെ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കല്‍. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവര്‍ ഉണ്ടെന്നുമായിരുന്നു മറുപടി.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് ബസ് കുട്ടികളുമായി ഊട്ടിയ്ക്ക് തിരിച്ചത്. പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളിലെത്തിയത്. അഞ്ച് മണിയ്ക്ക് പുറപ്പെടേണ്ട ബസ് ഏഴ് മണിയ്ക്കാണ് ഊട്ടിയ്ക്ക് തിരിച്ചത്.ഒരാള്‍ കൈ കാണിച്ചപ്പോള്‍ മുമ്പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടെന്നു രക്ഷപ്രവര്‍ത്തകര്‍ പറഞ്ഞു. പിറകില്‍ അമിതവേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിര്‍ത്താന്‍ പറ്റിയില്ല. ഇതോടെ ബസ് കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്നും ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയതെന്നും സുമേഷ് പറഞ്ഞു.

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.