തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സ് ഡിവൈഡറില്‍ ഇടിച്ച് മറഞ്ഞ് 10 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികള്‍. 32പേര്‍ക്ക് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തില്‍ മരണമടഞ്ഞവരില്‍ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടുന്ന എട്ടുപേര്‍ മലയാളികളാണെന്നാണ് അഗസ്തീശ്വരം തഹല്‍സിദാര്‍ നല്‍കുന്ന വിവരം. കൊല്ലം സ്വദേശികളായ നിഷ ബിജു, എഡ്വിന്‍ മൈക്കിള്‍, അല്‍റോയ്(രണ്ട്) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍.
പരിക്കേറ്റവരിലും വലിയതുറ സ്വദേശികളായ മലയാളികളുണ്ട്. എന്നാല്‍ മരണമടഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക സ്ഥീരികരണം ഇതുവരെ ലഭിച്ചിട്ടില്ല. യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റെതാണ് അപകടത്തില്‍പ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്. പരിക്കേറ്റവരെ കന്യാകുമാരി മെഡിക്കല്‍ കോളെജിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ബസ് നാഗര്‍കോവില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ എന്ന സ്ഥലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്ത് വച്ച് തന്നെ പത്തുപേര്‍ മരണമടഞ്ഞു. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്.