ന്യൂഡൽഹി: മരുന്നിന്റെ ഉപയോഗത്തിലും ഞങ്ങളെ വെല്ലാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവും കൂടുതൽ രൂപയ്ക്കുള്ള ഇംഗ്ലീഷ് മരുന്ന് ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ നമ്പർ വൺ സ്ഥാനം മലയാളികൾ കൈയടക്കിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുകയും വാങ്ങുകയും ചെയ്യുന്നത് മലയാളികളാന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ കേരളത്തിൽ ഒരാൾ മരുന്നിനായി പ്രതിവർഷം ചെലവഴിക്കുന്നത് ശരാശരി 2567 രൂപയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആളുകൾ വാങ്ങുന്ന മരുന്നിൽ 88.43 ശതമാനം ഡോക്ടർമാർ കുറിച്ചു നൽകുന്നതാണെങ്കിൽ 11.57 ശതമാനം പേർ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങുന്നത്. ഏറ്റവും ഉയർന്ന ശുചിത്വ ബോധവും ആരോഗ്യ രംഗത്തെക്കുറിച്ചുള്ള വിവരവുമുണ്ടായിട്ടും ഇത്രയധികം തുക മലയാളി മരുന്നുകൾക്കായി ചെലവഴിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
രാജ്യത്ത് മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്നത് ബീഹാറാണ്. ഇവിടെ ആളോഹരി മരുന്ന് ചെലവ് 298 രൂപ മാത്രമാണ്. ഡോക്ടർമാർ കുറിച്ചു നൽകുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ കേരളത്തെ കൂടാതെ മുന്നിൽ നിൽക്കുന്നത് ഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യു.പി എന്നിവയാണ്. കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ആസം, ഉത്തരാഖണ്ഡ്, ബീഹാർ, തമിഴ്നാട്, കർണാടക എന്നിവയാണ്.