പ്രമേഹം, അര്‍ബുദ ചികിത്സ തുടങ്ങിയവക്കുള്ള മരുന്നുകളുടെ വില കുറയും; പുതുക്കിയ പട്ടിക പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്‍സുലിന്‍, ഗ്ലാര്‍ജിന്‍ പോലെ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകള്‍, ഡെലാമനിഡ് പോലെ ക്ഷയരോഗത്തിനുള്ള മരുന്നുകള്‍, ഐവര്‍മെക്റ്റിന്‍ പോലുള്ള ആന്റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ, പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകളടക്കം അവശ്യമരുന്നുകളുടെ വില കുറയും. അര്‍ബുദ ചികിത്സക്കായുള്ള മരുന്നുകളുടെ വിലയും കുറഞ്ഞേക്കും.. അര്‍ബുദത്തിനെതിരായ നാലു മരുന്നുകള്‍ പട്ടികയിലുണ്ട്.

ഓരോ മൂന്ന് വര്‍ഷത്തിലും അവശ്യമരുന്ന് പട്ടിക പരിഷ്‌ക്കരിക്കാറുണ്ട്. 2015ലാണ് അവസാനമായി പുതുക്കിയത്. കോവിഡ് കാരണം പുതിയ പട്ടിക വൈകുകയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള എന്‍.എല്‍.ഇ.എം കമ്മിറ്റിയാണ് പുതിയ പട്ടിക തയാറാക്കിയത്.

പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. മുമ്പ് പട്ടികയിലുണ്ടായിരുന്ന 43 ഇനം മരുന്നുകള്‍ ഒഴിവാക്കി. അടിയന്ത ഉപയോഗത്തിന് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കൊവിഡ് മരുന്നുകള്‍ പട്ടികയിലില്ല.

അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ കുറച്ച് മാത്രമേ വില്‍ക്കാന്‍ അനുമതിയുള്ളു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂള്‍ഡ് ഡ്രഗുകളുടെ വില വര്‍ധന നിശ്ചയിക്കുന്നത്. എന്നാല്‍ നോണ്‍ഷെഡ്യൂള്‍ഡ് മരുന്നുകള്‍ക്ക്, കമ്പനികള്‍ക്ക് എല്ലാ വര്‍ഷവും 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാം.

© 2024 Live Kerala News. All Rights Reserved.