കൊച്ചി: സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജന്‍ ഔഷധി പദ്ധതിയെക്കുറിച്ച് കേരള സര്‍ക്കാര്‍ അറിഞ്ഞില്ല. മാസങ്ങള്‍ക്ക് മുന്‍പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് വിവരം നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ പദ്ധതി ആരംഭിക്കാനിരിക്കെ കേരളത്തിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ആസാം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ഇതിനകം ധാരണാ പത്രം ഒപ്പിട്ടുകഴിഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങള്‍ നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലുമാണ്. പദ്ധതി സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രതികരിച്ചു. എന്നാല്‍ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗത്തിന് കീഴില്‍ ആരംഭിക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ബിപിപിഐ (ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ് ഓഫ് ഇന്ത്യ) എല്ലാ സംസ്ഥാനങ്ങളെയും മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിയെക്കുറിച്ച് അറിയിച്ചിരുന്നു. കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാനങ്ങളുടെ നടപടിയും ഇത് ശരിവെക്കുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്രമന്ത്രി എച്ച്. എന്‍. അനന്തകുമാര്‍ ഒരു പരിപാടിക്കിടെ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാന്‍ കേരളത്തിന്റെ മറുപടി കാത്തിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ നാളെത്തന്നെ ധാരണാപത്രം ഒപ്പിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിഞ്ഞഭാവം കാണിച്ചിട്ടില്ല. ദേശീയ തലത്തില്‍ ജൂണ്‍ പകുതിയോടെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തൊട്ടാകെ ആയിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉദ്ഘാടന ദിവസത്തില്‍ തുറക്കുന്നതിനാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിനും കേന്ദ്രം ലക്ഷ്യം വയ്ക്കുന്നു. കേരളം ഇനി നടപടികള്‍ ആരംഭിച്ചാലും പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കുചേരാന്‍ സാധിക്കില്ല. ഐഐടിയും എയിംസും ഉള്‍പ്പെടെ, കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രകടിപ്പിക്കുന്ന അലംഭാവമാണ് ജന്‍ ഔഷധി സെന്ററിന്റെയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
പദ്ധതി നഷ്ടപ്പെടുത്തില്ല: മന്ത്രി
കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര നടപടി സ്വാഗതാര്‍ഹമാണെന്നും പദ്ധതിയുമായി കേരളം പൂര്‍ണമായും സഹകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. മരുന്നുപയോഗത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്യും. പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉടന്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുപിഎ പരാജയപ്പെട്ട പദ്ധതി കൊച്ചി: 2008ല്‍ യുപിഎ സര്‍ക്കാരാണ് ജന്‍ ഔഷധി പദ്ധതി കൊണ്ടുവന്നത്. 630ഓളം സെന്ററുകള്‍ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുറക്കാനായത് 178 സെന്ററുകള്‍. ഇതില്‍ പ്രവര്‍ത്തിക്കുന്നത് 98 എണ്ണവും. സംസ്ഥാനങ്ങളെ അമിതമായി ആശ്രയിച്ചതും ദുര്‍ബലമായ വിതരണ ശൃംഘലയുമാണ് പദ്ധതി പരാജയപ്പെടുന്നതിന് കാരണമായതെന്ന് ദല്‍ഹിയിലെ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. കാര്യക്ഷമമായ മേല്‍നോട്ടമോ പ്രചാരണമോ പദ്ധതിക്ക് ലഭിച്ചില്ല. 2013ല്‍ പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ പിഴവുകള്‍ തിരുത്തിയാണ് മോദി സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളോട് ചേര്‍ന്ന് ഇത്തരം സെന്ററുകള്‍ ആരംഭിക്കാം. അഞ്ഞൂറിലേറെ ജനറിക് മരുന്നുകള്‍ വിലകുറച്ച് ലഭിക്കും. ആശുപത്രികളില്‍ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സെന്ററുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും കുറഞ്ഞ വിലയ്ക്ക് മരുന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കും. സന്നദ്ധസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും അവരുടെ ആശുപത്രികളില്‍ സെന്ററുകള്‍ ആരംഭിക്കാം. ഭാരതത്തിലെ മരുന്ന് ചില്ലറ വില്‍പ്പനാ രംഗത്ത് 87000 കോടിയുടെ വാര്‍ഷിക വിറ്റുവരവുണ്ടെന്നാണ് കണക്ക്. സ്വകാര്യ കുത്തക കമ്പനികളാണ് ഇതില്‍ ആധിപത്യം പുലര്‍ത്തുന്നത്. ജന്‍ ഔഷധി പദ്ധതിയിലൂടെ ഇതിന് തടയിടാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ മരുന്ന് മാഫിയയുടെ പിടിയിലകപ്പെട്ടിരിക്കുന്ന പല സംസ്ഥാനങ്ങളും പദ്ധതിയോട് താത്പര്യം കാണിക്കുന്നില്ല.