ദുബായിലെ അനധികൃത മസാജ് സെന്ററുകളിൽ കഴിഞ്ഞ 15 മാസത്തിനിടെ അറസ്റ്റ് ചെയ്തത് 870 പേരെയെന്ന് ദുബായ് പൊലീസ്

ദുബൈ: ദുബായിലെ അനധികൃത മസാജ് സെന്ററുകളിൽ കഴിഞ്ഞ 15 മാസത്തിനിടെ അറസ്റ്റ് ചെയ്തത് 870 പേരെയെന്ന് ദുബായ് പൊലീസ്. മസാജ് സെന്ററുകളുടെ പരസ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന 59 ലക്ഷം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകളുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ഭീഷണിപ്പെടുത്തലും ബ്ലാക് മെയിലിങും ഉൾപ്പെടെയുള്ള ഭീഷണികൾക്ക് ഇത് വഴിവെയ്‍ക്കുമെന്നാണ് മുന്നറിയിപ്പ്.

അറസ്റ്റിയവരിൽ 588 പേർക്കെതിരെ പൊതുമര്യാദകൾ ലംഘിച്ചതിനും 309 പേർക്കെതിരെ കാർഡുകൾ അച്ചടിച്ചതിനും വിതരണം ചെയ്‍തതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. മസാജ് പരസ്യ കാർഡുകളിൽ നൽകിയിരുന്ന ഫോൺ നമ്പറുകൾക്കെതിരെയും നടപടിയെടുത്തു. 919 ഫോൺ കണക്ഷനുകളാണ് ഇത്തരത്തിൽ അധികൃതർ വിച്ഛേദിച്ചത്.

ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് ഇത്തരം അനധികൃത മസാജ് സെന്ററുകളെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടറും ദുബൈ പൊലീസ് സ്റ്റേഷൻസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ബ്രിഗേഡിയർ അബ്‍ദുല്ല ഖാദിം സുറൂർ അൽ മാസെം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചാണ് ഇരകളെ ആകർഷിക്കുന്നത്. പരസ്യം വിശ്വസിച്ച് എത്തന്നവരെ അപ്പാർട്ട്മെന്റുകളിലേക്ക് കൊണ്ടുപോയി നിരവധിപ്പേർ ചേർന്ന് മർദിക്കുകയും അവരുടെ അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്‍ത് പണം തട്ടും.

അനധികൃത മസാജ് സെന്ററുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. മസാജ് സെന്ററുകളുടെ പരസ്യ കാർഡുകൾ വാഹനങ്ങളിലും മറ്റും വെയ്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ്. നിയമവിരുദ്ധമായ ബിസിനസുകൾക്ക് വേണ്ടി പരസ്യം ചെയ്യുന്നതിന് പുറമെ ഈ കാർഡുകളിലെ അശ്ലീല ചിത്രങ്ങൾ പൊതുമര്യാദകൾക്ക് വിരുദ്ധവുമാണ്. സംസ്‍കാരവിരുദ്ധമായ ഈ പ്രവണത, വാഹനം ഓടിക്കുന്നവർക്ക് ഭീഷണിയാവുകയും റോഡുകളെ മലിനമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 218 ഫ്ലാറ്റുകളിൽ റെയ്‍ഡ് നടത്തുകയും 2025 നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ട് നിരവധി ക്യാമ്പയിനുകളാണ് പൊലീസ് നടത്തുന്നത്. 600 ബോധവത്കരണ ബ്രോഷറുകൾ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വിതരണം ചെയ്‍തു. ആയിരക്കണക്കിന് സന്ദേശങ്ങൾ അയച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെടുന്നവർ 901 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ പൊലീസ് ഐ ആപ്പ് വഴിയോ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

ലൈസൻസോടെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾ ദുബൈ ഇക്കണോമിക് ആന്റ് ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ടാവും. അത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് അവ നിയമവിധേയമായി പ്രവർത്തിക്കുന്നവയാണോ എന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

© 2024 Live Kerala News. All Rights Reserved.