ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ രാജ്യത്തിന് സമർപ്പിക്കുമെന്നറിയിച്ച് കേന്ദ്രം. നിർമ്മാണത്തിന്റെ 70 ശതമാനത്തോളം പൂർത്തിയാക്കിയതായും ശീതകാല സമ്മേളനം പുതിയ പാർലമെന്റിലാകും നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. ഭരണഘടന ദിനമായ നവംബർ 26-ന് പാർലമെന്റിന്റെ ചില ഭാഗങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
മിർസാപൂരിൽ നിർമ്മിച്ച കൈത്തറി കുഷ്യൻ കാർപ്പെറ്റുകളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കല്ലുകളുമാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഊണു മുറികൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവ ഉൾക്കൊള്ളുന്ന പുതിയ പാർലമെന്റ് മന്ദിരം ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് നിർമ്മിക്കുന്നത്.രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പാർലമെന്റ് സമുച്ചയത്തിൽ ദൃശ്യമാകും.പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് , ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു എക്‌സിക്യൂട്ടീവ് ഏരിയയും നിർമ്മിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അടുത്തിടെ മന്ദിരത്തിന് മുകളിൽ ദേശീയ ചിഹ്നം അനച്ഛാദവും ചെയ്തിരുന്നു. 9,500 കിലോ ഭാരവും 6.5 മീറ്റർ ഉയരവുമുള്ള ചിഹ്നം വെങ്കലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ലേ മോഡലിംഗ്, കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിംഗ് തുടങ്ങി എട്ട് ഘട്ടങ്ങളിലൂടെയാണ് പ്രതിമ യാഥാർത്ഥ്യമാക്കിയത്.2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.