പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, മുത്തലാഖ് ബില്‍ നിര്‍ണായകം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.

തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി ഒന്‍പതിന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും.

സമ്മേളനത്തിനുമുന്നോടിയായി ഞായറാഴ്ച സര്‍ക്കാരും സ്പീക്കര്‍ സുമിത്രാ മഹാജനും വെവ്വേറെ സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു. മുത്തലാഖ് ബില്‍ സമ്മേളനത്തില്‍ പാസാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് യോഗശേഷം മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടുമെന്നും നേതാക്കളുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ മുടങ്ങിക്കിടക്കുന്ന മുത്തലാഖ് ബില്‍ പാസാക്കുന്നതിനു സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, മൂന്നു വര്‍ഷം തടവ് അടക്കമുള്ള വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷവും ആവശ്യപ്പെടുന്നു.

ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലും സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബി.ജെ.പി.യെ സംബന്ധിച്ച് രാഷ്ട്രീയപ്രാധാന്യമുള്ളതാണ് രണ്ട് ബില്ലുകളും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ എന്നിവരാണ് സര്‍ക്കാരിനുവേണ്ടി യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ്.പി. നേതാവ് മുലായംസിങ് യാദവ്, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍, ഡി.എം.കെ. നേതാവ് കനിമൊഴി, എന്‍.സി.പി. നേതാവ് താരിഖ് അന്‍വര്‍, സി.പി.എം. നേതാവ് പി. കരുണാകരന്‍, സി.പി.ഐ. നേതാക്കളായ ഡി. രാജ, സി.എന്‍. ജയദേവന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ. മാണി, ജോയ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തൊഴിലവസരങ്ങള്‍ കുറയുന്നത്, വര്‍ഗീയ കലാപങ്ങള്‍ എന്നിവ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കും.