നൂപുർ ശർമയുടെ തലവെട്ടി കൊണ്ടുവരുന്നയാൾക്ക് തന്റെ വീട് നൽകുമെന്ന് മുസ്ലീം പുരോഹിതൻ; സൽമാനെ അറസ്റ്റ് ചെയ്ത് പൊലീസ്

ജയ്പുർ: മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ ഭീഷണി മുഴക്കിയ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മേർ ദർഗയിലെ പുരോഹിതനായ സെയ്ദ്സൽമാൻ ചിസ്തിയാണ് അറസ്റ്റിലായത്. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.

വിഡിയോയിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഇതേത്തുടർന്ന് തിങ്കളാഴ്ച രാത്രി സൽമാൻ ചിസ്തിയെന്ന പുരോഹിതനെതിരെ എഫ്ഐആർ ചുമത്തിയിരുന്നു. നൂപുർ ശർമയുടെ തലവെട്ടി കൊണ്ടുവരുന്നയാൾക്ക് തന്റെ വീട് നൽകുമെന്നാണ് ഇയാൾ പറയുന്നത്. നൂപുറിനെ ഇയാൾ വെടിവയ്ക്കുമെന്നും വിഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. ‘എല്ലാ മുസ്‌ലിം രാജ്യങ്ങൾക്കുമായി നിങ്ങൾ മറുപടി നൽകണം. ഞാനിത് രാജസ്ഥാനിലെ അജ്മേറിൽനിന്നാണ് പറയുന്നത്.’ – വിഡിയോയിൽ ചിസ്തി വ്യക്തമാക്കി.

ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് ചിസ്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ദൽവീർ സിങ് ഫൗജ്ദർ പറഞ്ഞു. അതേസമയം, അജ്മേർ ദർഗയുടെ ഓഫിസ് വിഡിയോ തള്ളിക്കളഞ്ഞു. മതസൗഹാർദത്തിന്റെ സ്ഥലമാണ് അജ്മേർ ദർഗയെന്നും ഓഫിസ് വ്യക്തമാക്കി. വിഡിയോയിലെ സന്ദേശം ദർഗയുടേതല്ല. ചിസ്തിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ദർഗ അധികൃതർ അറിയിച്ചു.

നൂപുറിനെ പിന്തുണച്ച് ഉദയ്പുരിൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ട തയ്യൽക്കാരൻ കനയ്യലാലിന്റെ കൊലപാതകത്തിനു പിന്നാലെ രാജസ്ഥാനിലെ സ്ഥിതി കലുഷിതമാണ്. ഇതിനു പിന്നാലെയാണ് ചിസ്തിയുടെ വിഡിയോ വരുന്നത്. ഇത്തരം പരാമർശം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയാണ് രാജസ്ഥാൻ പൊലീസ് സ്വീകരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.