ബെംഗളൂരു:മതനിന്ദ നടത്തിയെന്നതിന്‍റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ്മ. മതനിന്ദയ്ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല എന്ന നിലയിലാണ് നൂപുര്‍ ശര്‍മ്മയുടെ കോലം കെട്ടിത്തൂക്കിയിരിക്കുന്നത്.
ഫോര്‍ട്ട് റോഡിലെ വൈദ്യുതിക്കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാത്രി രഹസ്യമായിട്ടായിരിക്കാം ഇത് കെട്ടിത്തൂക്കിയതെന്ന് കരുതുന്നു. മതപരമായി ഏറെ വൈകാരികത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ പൊലീസ് ഉടനെ കോലം അഴിച്ചുനീക്കി.
മെയ് അവസാന വാരത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ശിവലിംഗത്തെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ച് ഇസ്ലാമിനെ പ്രതിനിധീകരിച്ചെത്തിയവര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതാണ് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചത്. ഹിന്ദു മതത്തെ ഇങ്ങിനെ അപമാനിക്കുന്ന നിങ്ങള്‍ നിങ്ങളുടെ മതത്തെക്കുറിച്ച് വിമര്‍ശിച്ചാല്‍ സഹിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത്.