അറബികൾക്ക് ആവശ്യം 30 വയസിന് മുകളിലുള്ള മലയാളി യുവതികളെ, ഹോം നഴ്‌സ് ലേബലിൽ കുവൈത്തിൽ എത്തിച്ചാൽ അനുഭവിക്കേണ്ടി വരുന്നത്…

കുവൈറ്റിലെത്തിക്കുന്ന സ്ത്രീകളെ കണ്ണൂർ സ്വദേശി ഗസാലി എന്ന മജീദ് അറബികൾക്ക് വിൽക്കും. പത്തു ലക്ഷം രൂപ വരെ വാങ്ങും. അറബികൾ രാവിലെ 7 മുതൽ രാത്രി 11 വരെ കഠിനമായി പണിയെടുപ്പിക്കും. ദിവസം ഒരു കട്ടൻചായയും കുബൂസും മാത്രമാണ് കഴിക്കാൻ ലഭിച്ചതെന്ന് തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനി പറഞ്ഞു.മുഖത്ത് ചൂടുവെള്ളം ഒഴിക്കുക, വയറ്റിൽ ചവിട്ടുക, മർദ്ദിക്കുക തുടങ്ങിയ ക്രൂരതകൾക്ക് ഇരയായി. മടങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ സിറിയയിലെ ഐസിസ് ഭീകരർക്ക് വിൽക്കുമെന്ന് മജീദ് ഭീഷണിപ്പെടുത്തി. അരലക്ഷം രൂപ നാട്ടിൽ മകനിൽ നിന്ന് വാങ്ങിയശേഷമാണ് തിരിച്ചയച്ചതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കുവൈറ്റിൽ ഹോം നഴ്സ്, ആയ ജോലികൾക്ക് ആളെ വേണമെന്ന നോട്ടീസ് പട്ടണങ്ങളിൽ പതിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
കൊച്ചി രവിപുരത്തെ ഗോൾഡൻ വയയുടെ നടത്തിപ്പുകാരായ ആനന്ദ്, അജുമോൻ എന്നിവരാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നോട്ടീസ് കണ്ട് ബന്ധപ്പെടുന്നവരെ ഗോൾഡൻ വയയിൽ എത്താൻ നിർദ്ദേശിക്കും. എല്ലാ അംഗീകാരവുമുള്ള സ്ഥാപനമെന്ന് സ്ഥാപിക്കാൻ ചില രേഖകൾ കാണിക്കും. ആർ.ടി.പി.സി.ആർ പരിശോധനയുടെ ചെലവ് മാത്രം വഹിച്ചാൽ മതിയെന്ന് അറിയിക്കും. തുടർന്ന് വിസിറ്റിംഗ് വിസ നൽകി ദുബായിലെത്തിക്കും. അവിടെ നിന്ന് റോഡ് മാർഗമാണ് കുവൈറ്റിലെത്തിച്ചിരുന്നതെന്ന് ഇരകൾ പറയുന്നു.

© 2024 Live Kerala News. All Rights Reserved.