ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിനു ശേഷം കാശിയും മഥുരയും ഉയിർത്തെഴുന്നേൽക്കുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ലക്ഷം ഭക്തർ കാശി സന്ദർശിച്ചുവെന്നും ഇനിയും നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാമക്ഷേത്ര നിർമാണം ആരംഭിച്ചതിനു ശേഷം കാശി, മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നിവയും ഉണരുന്നതായി തോന്നുന്നുവെന്ന് യോഗി പറഞ്ഞു. സംസ്ഥാനത്തെ രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമസ്കാരം തെരുവിൽ നടത്താത്തത് ഇതാദ്യമായാണെന്നും നമസ്കാരത്തിന് ഒരു ആരാധനാലയം ഉണ്ടെന്നും പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താമെന്നും യോഗി പറഞ്ഞു. മത സ്ഥലങ്ങളിൽനിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത് അനാവശ്യ ശബ്ദം ഒഴിവാക്കിയെന്നും ഈ അവസരത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.