ഇസ് ലാമാബാദ്: ഇമ്രാന്‍ ഖാനും അനുയായികളും നടത്തുന്ന പ്രതിഷേധ മാര്‍ച്ച് വലിയ സുരക്ഷാപ്രശ്‌നമായതോടെ ഷെഹ്ബാസ് ശരീഫ് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇമ്രാനും അനുയായികളും ഇസ് ലാമാബാദില്‍ പ്രവേശിച്ചിരുന്നു. തലസ്ഥാനത്ത് റെഡ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ സംരക്ഷിക്കുകയാണ് ആര്‍മിയുടെ ചുമതല. ‘ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറിയിലെ ക്രമസമാധാന നിലയ്ക്ക് അനുസൃതമായി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്‍ ഭരണഘടനയുടെ അനുച്ഛേദം 245 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ച്, ആവശ്യമായ സൈനികരെ വിന്യസിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഉത്തരവിട്ടിരിക്കുന്നു’- പാകിസ്താന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല ട്വിറ്ററില്‍ എഴുതി.
പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുംവരെ ഡി-ചൗക്ക് പ്രദേശത്തുനിന്ന് താനും പ്രവര്‍ത്തകരും ഒഴിഞ്ഞുപോവില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. അവിശ്വാസപ്രമേയത്തെത്തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് ഇമ്രാന്‍ പുറത്തുപോകേണ്ടിവന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ ജനങ്ങളോടും തെരുവുകളില്‍ ഇറങ്ങാന്‍ ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്തു. പോലിസ് നടപടിയില്‍ മനുഷ്യാവകാശസംഘടനകള്‍ ആശങ്കപ്രകടിപ്പിച്ചു. സമാധാനപരമായി സംഘടിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇമ്രാന്റെ പിടിഐയും ശരീഫ് സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവുന്നതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് പാക് സുപ്രിംകോടതി ഇന്നലെ സര്‍ക്കാരിനെ വിലക്കിയിരുന്നു. ഇസ്ലാമാബാദിലെ എച്ച്-9 മൈതാനത്താണ് ഇമ്രാനും സംഘവും പ്രതിഷേധിക്കുന്നത്. ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് പിടിഐയുടെ ആവശ്യം.