ഇമ്രാന്‍ ഖാന്റെ അറസ്റ്റ്: പാക്കിസ്ഥാനില്‍ കലാപം തുടരുന്നു; സൈന്യം രംഗത്ത്

ഇസ്‍ലാമാബാദ്∙ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനു പിന്നാലെ പാക്കിസ്ഥാനില്‍ ഉടലെടുത്ത കലാപം തുടരുന്നു. ഇതേത്തുടർന്ന് പ്രധാന നഗരങ്ങളില്‍ സൈന്യമിറങ്ങി. അക്രമം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നറിയിപ്പ് നല്‍കി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കെതിരെ സൈന്യവും രംഗത്തെത്തി.

ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ കത്തുകയാണ്. തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലഹോറിലും റാവല്‍പിണ്ടിയിലും അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാന്‍ അനുകൂലികള്‍ അഴിഞ്ഞാടി. ഇസ്‌ലാമാബദില്‍ ഒരു പൊലീസ് സ്റ്റേഷനു തീയിട്ടു. ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും മാധ്യമ സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. കലാപം അമര്‍ച്ചചെയ്യാന്‍ ഇസ്‌ലാമാബാദിനു പുറമെ പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ, ബലൂചിസ്താന്‍ പ്രവിശ്യകളിലും സൈന്യമിറങ്ങി.

അതിനിടെ, കലാപം നടത്തുന്നവര്‍ക്കെതിരെ താവ്രവാദ കുറ്റം ചുമത്തുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് മുന്നറിയിപ്പ് നല്‍കി. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമാണ്. അല്‍ കാദിര്‍ ട്രസ്റ്റ് കേസില്‍ ഖാനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളെ സൈന്യവും ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൊവ്വാഴ്ച പാക്കിസ്ഥാന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിനെതിരെ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാക്കള്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്നും സൈന്യം വ്യക്തമാക്കി.

അല്‍ കാദിര്‍ ട്രസ്റ്റ് കേസില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇമ്രാന്‍ ഖാനെ എട്ടു ദിവസത്തേക്ക് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. തോഷഖാന കേസിലും ഇമ്രാന്‍ ഖാനെതിരെ കോടതി കുറ്റംചുമത്തി.

© 2024 Live Kerala News. All Rights Reserved.