ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെ, മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നതെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡിന്റെ ആരോപണം. എസ്ഡിപിഐ എന്ന സംഘടനയിലൂടെ മുസ്ലീം യുവാക്കളെ വഴിതെറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബോര്‍ഡ് സമിതി ചൂണ്ടിക്കാട്ടി.
‘പോപ്പുലര്‍ ഫ്രന്റിനെ നിയന്ത്രിക്കുന്നത് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദയാണ്. ഇന്ത്യന്‍ മുസ്ലീങ്ങളെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നത് ഈ സംഘടനയാണ്’, സൂഫി ബോര്‍ഡ് വക്താവ് കാശിഷ് വാര്‍സി പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പോപ്പുലര്‍ ഫ്രന്റ് നിരവധി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ആ സംഘടനയെ നിരോധിക്കാന്‍ ഏറെ കാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പോപ്പുലര്‍ ഫ്രന്റ്, അല്‍ ഖ്വയ്ദയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. പോപ്പുലര്‍ ഫ്രന്റിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് കാരണം, അല്‍ ഖ്വയ്ദ ഭീകരരില്‍ നിന്ന് തങ്ങള്‍ക്ക് നിരന്തരം വധഭീഷണി വരുന്നുണ്ട്’, വാര്‍സി പറയുന്നു.