സംസ്ഥാനത്തെ അറുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്: ആരംഭിച്ചത് പുലർച്ചെ 3 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്.

സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പത്തനംതിട്ടയില്‍ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പിഎഫ്‌ഐ നേതാവ് സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നു.

ആലപ്പുഴയില്‍ നാലിടത്താണ് റെയ്ഡ്. ജില്ലയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലാണ് പരിശോധന. കൊല്ലം ചക്കുവള്ളി, കോഴിക്കോട് മാവൂര്‍, നാദാപുരം, എറണാകുളത്ത് മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോട്ടയത്ത് ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടത്തുന്നു.

© 2024 Live Kerala News. All Rights Reserved.