ന്യൂഡൽഹി: പിഎഫ്‌ഐ നേതാക്കളെ ലക്ഷ്യമിട്ട് രാജ്യവ്യാപക എൻഐഎ റെയ്ഡ്. തമിഴ്‌നാട്ടിൽ നടന്ന റെയ്ഡിൽ മധുരാ മേഖലാ മുൻ തലവൻ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ഖൈസർ ആണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലും ഉത്തർപ്രദേശിലും പിഎഫ്‌ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിൽ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ, തേനി തുടങ്ങീ ആറ് ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലും എസ്ഡിപിഐയുടെ ഓഫീസുകളിലും വിശദമായ പരിശോധനയാണ് നടക്കുന്നത്.
മധുരാ മേഖലാ പ്രസിഡന്റായിരുന്ന ഖൈസറിനെ പളനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിഎഫ്‌ഐ നോർത്ത് ജില്ലാ സെക്രട്ടറി അബ്ദുൾ റസാഖ്, എസ്ഡിപിഐ തേനി ജില്ലാ സെക്രട്ടറി സാദിഖ് അലി തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് പുലർച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് പോലീസിന്റെ കൂടെ സഹകരണത്തോടെയാണ് റെയ്ഡ് നടക്കുന്നത്. കശ്മീരിൽ നിന്നും യുപിയിൽ നിന്നും നേതാക്കളെ അറസ്റ്റ് ചെയ്‌തെന്ന സൂചനയുണ്ട്.