കോഴിക്കോട്: മുസ്ലീം പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് സുന്നി യുവജനസംഘം. മുതിർന്ന പെൺകുട്ടികളെ പരപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവാദപ്പെട്ട ഒരു മുസ്ലീം പണ്ഡിതൻ തന്റെ ഗ്രാമത്തിലെ മദ്രസാ അദ്ധ്യാപകനോട് ഉപദേശിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്ലാം മതനിയമങ്ങളെ അപഹസിക്കാനും ചിലർ ഗൂഢനീക്കങ്ങൾ നടത്തുന്നു. ഇതിനെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എസ് വൈ എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എല്ലാവിധ സൃഷ്ടികളോടും വാത്സല്യവും കാരുണ്യവും കാണിക്കണമെന്ന് പഠിപ്പിച്ച ഇസ്ലാം അവരുടെ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമങ്ങൾ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീയ്‌ക്ക് സുരക്ഷ നൽകിയ ലോകത്തെ ഏറ്റവും മികച്ച നിയമമാണ്. ആ നിയമത്തിന്റെ ഭാഗമാണ് ന്യായമായ കാരണം കൂടാതെ മുസ്ലീം സ്ത്രീകൾ അന്യപുരുഷന്മാർക്കിടയിൽ പ്രത്യക്ഷപ്പെടരുതെന്ന് പറയുന്നത്.
ഹിജാബ് നിയമം പൂർണമായും പാലിച്ചിരുന്ന ഇസ്ലാമിക രാജ്യങ്ങളിൽ ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെടാതിരിക്കുന്നതും, ഈ നിയമം ഭാഗികമായി നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിൽ ആപേക്ഷികമായി ഇന്നും സ്ത്രീസുരക്ഷ കൂടുതലാണെന്നതും ചരിത്രവും അനുഭവവുമാണ്. ഇസ്ലാമിലെ ഹിജാബ് നിയമത്തെ പരിഹസിക്കുന്നവർ സ്ത്രീകൾക്കു കൂടുതൽ സുരക്ഷ നൽകുന്ന നിയമമുണ്ടെങ്കിൽ അതു മുന്നോട്ടുവയ്‌ക്കട്ടെയെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.