ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത ജോ. സെക്രട്ടറിയും ഇസ്‌ലാമിക പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് കോട്ടുമല കോംപ്ലക്‌സില്‍.കുറച്ചു നാളുകളായി രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സുപ്രഭാതം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനമടക്കം പ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായിട്ടുണ്ട്. 2004ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ബാപ്പു മുസ്‌ലിയാര്‍ പിന്നീട് 2010ല്‍ സെക്രട്ടറിയായി. സമസ്ത പണ്ഡിതസഭയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രമുഖ പണ്ഡിതന്‍ പരേതനായ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായി 1952 ഫെബ്രുവരി10നാണ് ബാപ്പു മുസ്‌ലിയാരുടെ ജനനം. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സഫിയ്യയായിരുന്നു ഭാര്യ. അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമ സുഹറ, സൗദ, ഫൗസിയ, മരുമക്കള്‍: എന്‍.വി. മുഹമ്മദ് ഫൈസി (കട്ങ്ങല്ലൂര്‍), മുഹമ്മദ് ഷാഫി (താമരശ്ശേരി), അഅബ്ദുസലാം (കാളമ്പാടി, കാവുങ്ങല്‍), നൂര്‍ജഹാന്‍, മാജിദ, റുബീന.

© 2024 Live Kerala News. All Rights Reserved.