ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല, താരങ്ങളോടുള്ള ആരാധനാ ഏകദൈവ വിശ്വാസത്തിനെതിര്‌- സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിർദ്ദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത് ശരിയല്ല. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളിൽ ഇന്ന് ഉച്ചയ്ക്ക് നമസ്കാരത്തിന് ശേഷം സന്ദേശം നൽകുമെന്നും സമസ്ത വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിർദേശം. ‘ഫുട്ബോൾ ജ്വരം’ എന്ന പേരിൽ ആർഭാടങ്ങളിലും അനിയന്ത്രിതമായ ആഘോഷങ്ങളിലും ഏർപ്പെടരുതെന്ന് വിശ്വാസികളോട് അഭ്യർഥിക്കണമെന്ന് ഖത്തീബുമാരോട് സംഘടന നിർദ്ദേശിച്ചു.

വ്യാഴാഴ്ച ഖത്തീബുമാർക്ക് അയച്ച സന്ദേശത്തിൽ, മുസ്ലീങ്ങൾക്ക് ഫുട്ബോൾ നിരോധിത കായിക ഇനമല്ലെങ്കിലും മതം അനുശാസിക്കുന്ന ചില പരിധികളുണ്ടെന്ന് കമ്മിറ്റി ഓർമിപ്പിച്ചു. ‘ഫുട്ബോൾ ഒരു ലഹരിയാകരുത്. ചില കളികളും കളിക്കാരും നമ്മെ സ്വാധീനിക്കുന്നു, എന്നാൽ ഈ സ്വാധീനങ്ങൾ ഒരുതരം ലഹരിയായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങൾ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തും ഒരു ലഹരിയാണ്, ‘- സമസ്ത പറയുന്നു. കളിയുടെ പേരിൽ മുസ്ലീങ്ങൾ ജമാഅത്ത് നമസ്കാരം ഒഴിവാക്കരുതെന്നും സമസ്ത ഓർമ്മിപ്പിച്ചു. ‘ഇന്ത്യയിൽ രാത്രികാലങ്ങളിലാണ് പല ഫുട്ബോൾ മത്സരങ്ങളും നടക്കുന്നത്. രാത്രിയിൽ മത്സരങ്ങൾ കാണുന്നവർ ജമാഅത്ത് നമസ്‌കാരം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം,’ സന്ദേശത്തിൽ പറയുന്നു.

© 2024 Live Kerala News. All Rights Reserved.