ഗാന്ധിനഗർ: ഡിജിറ്റൽ ഭരണ മാതൃക പഠിക്കാൻ കേരള സർക്കാരിന്റെ രണ്ടംഗ പ്രതിനിധി സംഘം ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഗാന്ധിനഗറിലെ വസതിയിലെത്തി. കേരള ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
സിഎം ഡാഷ്ബോർഡ്, ജൻസംവാദ്, പ്രഗതി ഗുജറാത്ത് എന്നീ മൂന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സമ്പൂർണ്ണ പ്രവർത്തന രീതി മനസ്സിലാക്കിയതിന് ശേഷമാണ് കേരള സർക്കാരിലെ ഉദ്യോഗസ്ഥർ ഗുജറാത്തിന്റെ ഭരണ മാതൃകയെ അഭിനന്ദിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡാഷ്‌ബോർഡിന് കീഴിലുള്ള കളക്ടർ-ഡിഡിഒ-മുനിസിപ്പൽ കമ്മീഷണർ തലങ്ങളിലെ സർക്കാർ പദ്ധതികളുടെയും സംരംഭങ്ങളുടെയും തത്സമയ പ്രകടന നിരീക്ഷണ സംവിധാനവും സംഘം പഠിച്ചു.
സിഎം ഡാഷ്ബോർഡ് വഴി ജില്ലാ പഞ്ചായത്ത് മുതൽ ജില്ലാ കളക്ടർ തലം വരെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗാന്ധിനഗറിലാണ് ഡാഷ്ബോർഡിന്റെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
ഗുണഭോക്താക്കൾക്ക് നേരിട്ട് സംവദിക്കാനും സർക്കാരിന്റെ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് പ്രതികരിക്കാനും സാധിക്കുന്ന സംവിധാനമാണ് ജൻ സംവാദ് യൂണിറ്റ്. ഇതിന്റെ പ്രവർത്തനങ്ങളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നിരീക്ഷിച്ചു
പ്രഗതി ഗുജറാത്ത് പ്ലാറ്റ് ഫോമിന് കീഴിൽ ഗുജറാത്ത് സർക്കാർ എങ്ങനെയാണ് സർക്കാർ പദ്ധതികൾ ഡിജിറ്റലായി അവലോകനം ചെയ്യുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി. ഇതിനായി മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥർ അഞ്ച് കോടിയ്‌ക്ക് മുകളിലുള്ള പദ്ധതികളുടെ അവലോകന രീതി കേരളത്തിലെ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.