തിരുവനന്തപുരം: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലെ ഏകോപനം പഠിക്കാനാണ് ഗുജറാത്ത് സന്ദർശനം. ഇതിനായി തയ്യാറാക്കിയ ഡാഷ് ബോർഡ് പദ്ധതിയെക്കുറിച്ച് മനസിലാക്കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം.
ഉദ്യോഗസ്ഥ പരിഷ്‌കരണം, വൻകിട പദ്ധതികളുടെ നടപ്പാക്കൽ, ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങിയവയ്‌ക്ക് ഉപകരിക്കുന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡ് സിസ്റ്റം. രാജ്യത്ത് തന്നെ വളരെയേറെ ശ്രദ്ധേയമായ പദ്ധതിയാണെന്ന അഭിനന്ദനം ഇത് നേടിയിട്ടുണ്ട്. പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവും മറ്റ് കാര്യങ്ങളും മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് പരിശോധിക്കാനാകുന്ന സംവിധാനമാണിത്.
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഇതിനെ കുറിച്ച് പരാമർശം വന്നിരുന്നു. തുടർന്നാണ് പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ ചീഫ് സെക്രട്ടറിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും യോഗം ചേരാൻ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി നാളെ ഗുജറാത്തിലേക്ക് പോകുന്നത്.
ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗുജറാത്ത് മോഡല്‍ നടപ്പിലാക്കുന്നതിനൊപ്പം അഴിമതിയും ധൂര്‍ത്തും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഗുണമുണ്ടാവുകയുള്ളൂ. മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.