‘ചൈന പിന്തുടരുന്നത് ഇസ്ലാമിക തത്വം, അള്ളാഹുവിൻ്റെ പാത പിന്തുടരുന്നവ‍ര്‍ക്ക് ബര്‍ക്കത്ത് ഉണ്ടാകും’: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാനായി പ്രതിപക്ഷം നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങൾക്കിടെ ചൈനയെ പുകഴ്ത്തി ഇമ്രാൻ ഖാൻ. ചൈന പിന്തുടരുന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ തത്വങ്ങളാണെന്നും ചൈന 70 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാൻ്റെ വാക്കുകള്‍.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ 70 കോടി ജനങ്ങളെയാണ് ചൈന പട്ടിണിയിൽ നിന്ന് രക്ഷിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. “അവര്‍ പിന്തുടരുന്നത് പ്രവചാകൻ്റെ തത്വങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കായി ദൈവിക കാരുണ്യമായാണ് പ്രവാചകൻ വന്നത്. അള്ളാഹുവിൻ്റെ വഴിയെ നടക്കുന്നവര്‍ക്കെല്ലാം ഐശ്വര്യമുണ്ടാകും.” ഇമ്രാൻ ഖാൻ പറഞ്ഞു. ഉയിഗുര്‍ മുസ്ലീം വിഭാഗക്കാര്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രചാരണം തുടരുന്നതിനിടെയാണ് ഇമ്രാൻ ഖാൻ്റെ പ്രശംസ എന്നതാണ് ശ്രദ്ധേയം.

© 2022 Live Kerala News. All Rights Reserved.