48 മണിക്കൂർ പൊതുപണിമുടക്ക് സമരം സമാധാനപരം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സമരം സമാധാനപരമാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും, പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘ഭരണപരമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ, ജനങ്ങൾ അതിന് തയ്യാറായി ഇരുന്നിട്ടുണ്ട്. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

കൊച്ചി പള്ളിക്കരയിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. അമ്പലമുകളിൽ ജീവനക്കാരെ കയറ്റിയ കിറ്റെക്സിന്റെ വാഹനം തടഞ്ഞു. കാസർകോട് ദേശീയ പാതയിൽ സ്വകാര്യവാഹനങ്ങളടക്കം തടഞ്ഞു. വാഹനങ്ങളുടെ താക്കോൽ സമരാനുകൂലികൾ ഊരിയെടുത്തു. ആലപ്പുഴയിൽ പണിമുടക്ക് ടൂറിസത്തെ ബാധിച്ചില്ല. ഹൗസ് ബോട്ടുകളിൽ സഞ്ചാരികളുടെ തിരക്കാണ്.

തിരുവനന്തപുരം കാട്ടാക്കടയിൽ ബിജെപി പ്രവർത്തകരും സമരാനുകൂലികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. എറണാകുളം കാലടിയിലും വാഹനങ്ങൾ തടഞ്ഞു. കടകളും അടപ്പിക്കുന്നു. മലപ്പുറം എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ചു. കോഴിക്കോട് സമരാനുകൂലികൾ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. മാവൂര്‍ റോഡിൽ വാഹനങ്ങൾ തടഞ്ഞു.

ഡൽഹി ഉൾപ്പെടെ മറ്റിടങ്ങളിൽ ഗതാഗതം പതിവുപോലെ തുടരുന്നു. എന്നാൽ ബംഗാളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്.

© 2024 Live Kerala News. All Rights Reserved.