സംസ്ഥാനത്ത് മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ 6 മുതല്‍

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 210 പ്രവര്‍ത്തി ദിനങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയിന്‍കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.

8 മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി നമ്മള്‍ മാറി. ഇന്ത്യയില്‍ പ്രഥമ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം കേരളമാണ്. ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അതിനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതികളും തയ്യാറാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അനുഗുണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ട്.

കോവിഡ് കാലത്ത് കുട്ടികളെയെല്ലാം ചേര്‍ത്തു പിടിക്കാന്‍ വേണ്ടി ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. കുട്ടികളില്‍ ശുചിത്വ ശീലം ഉളവാക്കാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവര്‍ത്തന പദ്ധതി രൂപം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇ-ഗവേണന്‍സ് ഫലപ്രദമായി നടപ്പിലാക്കി.

അധ്യാപകരെ സജ്ജമാക്കാന്‍ മുഴുവന്‍ അധ്യാപകര്‍ക്കും അവധിക്കാല പരിശീലനം നല്‍കുകയുണ്ടായി. സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായം തേടുന്നതിനായി വിപുലമായ സംവാദങ്ങള്‍ നടത്തി. ജനാധിപത്യ ക്രമത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടുക എന്ന വിശാലമായ ലക്ഷ്യം ഇതിലൂടെ നടപ്പാക്കി. കുട്ടികളുടെ അഭിപ്രായങ്ങളും തേടുകയുണ്ടായി. പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയില്‍ കുട്ടികളുടെ അഭിപ്രായം തേടുന്ന ആദ്യ അനുഭവമാണ് ഇത്. അക്കാദമികമായി വരുന്ന പരിവര്‍ത്തനങ്ങള്‍ സ്ഥായിയായി നിലനില്‍ക്കണമെങ്കില്‍ സംവിധാനപരമായ മാറ്റങ്ങളും അനിവാര്യമാണ്. അതിന്റെ ഭാഗമായി ഈ രംഗത്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പ്രൊഫ. എം. എ. ഖാദറിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒന്നാംഭാഗത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം ഘടനാ മാറ്റം അംഗീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡയറക്ടറേറ്റുകളെ ഏകോപിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കി മാറ്റി. എല്ലാ തലങ്ങളിലെയും ഏകോപനം ഉടന്‍ തന്നെ നടപ്പാക്കുന്നതാണ്. ഗുണമേന്മാ വിദ്യാഭ്യാസത്തില്‍ ഏറെ ദൂരെ ഇനിയും മുന്നേറാനുണ്ട്. കുട്ടികള്‍ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ നേടിയെന്ന് ഉറപ്പാക്കാന്‍ കഴിയണം. അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മത്സര ലോകത്തിലാണ് കുട്ടികള്‍ അതിജീവിക്കേണ്ടത്. അതിനുള്ള അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളില്‍ വളര്‍ത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവര്‍ത്തിത്തവും വിതരണ നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടത്.

© 2024 Live Kerala News. All Rights Reserved.