കാബൂള്‍: ഏഴുമാസത്തിനുശേഷം ആദ്യമായി തുറന്ന് മണിക്കൂറുകള്‍ക്കുളളില്‍ പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ അടയ്ക്കുമെന്ന പ്രഖ്യാപനം നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയില്ലെന്നതാണ് താലിബാന്റെ മലക്കംമറിച്ചില്‍ അര്‍ഥമാക്കുന്നത്. ഇസ്ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസരിച്ചുള്ള പദ്ധതി തയ്യാറക്കുംവരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘പെണ്‍കുട്ടികളുടെ എല്ലാ ഹൈസ്‌ക്കൂളുകള്‍ക്കും ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥിനികളുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അടുത്ത ഉത്തരവുവരെ അവധിയായിരിക്കുമെന്ന് ഞങ്ങള്‍ അറിയിക്കുന്നു’ എന്ന് നോട്ടിസില്‍ പറയുന്നു. താലിബാന്‍ വക്താവ് ഇമാമുള്ള സമന്‍ഗനി എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ തയ്യാറായില്ല. അധ്യാപകരുടെ ക്ഷാമമുണ്ടെന്നത് വിദ്യാഭ്യാസ വകുപ്പ് തുറന്നു സമ്മതിച്ചു.