താലിബാൻ ഭരണത്തിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറി: ഐക്യരാഷ്ട്ര സഭ

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം, സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. അഫ്ഗാനില്‍ ഇപ്പോൾ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുവെന്നും വനിതാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭ പറഞ്ഞു.

‘അഫ്ഗാനിസ്ഥാന്റെ നിലവിലെ ഭരണാധികാരികള്‍ ഭൂരിഭാഗം സ്ത്രീകളെയും അവരുടെ വീടുകളില്‍ തന്നെ കുരുക്കിയിടാന്‍ കഴിയുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നു’- യുഎന്‍ മിഷന്‍ പറഞ്ഞു. ഇരുപതു വർഷത്തോളം നീണ്ട യുദ്ധത്തിന് ശേഷം യുഎസും നാറ്റോയും അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുകയും, 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയുമായിരുന്നു.

താലിബാൻ ഭരണത്തിൽ വന്ന പിന്നാലെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ചു. ഇതോടൊപ്പം . പാര്‍ക്കുകള്‍, ജിമ്മുകള്‍, ചില വിനോദസഞ്ചാര പ്രദേശങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദേശീയ, അന്തര്‍ദേശീയ സംഘടനകളിലോ,സര്‍ക്കാരിതര സംഘടനകളിലോ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല.

രാജ്യത്തെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്ന ചില വിഷയങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തവയാണെന്നതിനാലാണ് സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് താലിബാന്‍ സര്‍ക്കാര്‍ പറയുന്നത്. അതേസമയം, 11.6 ദശലക്ഷം അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാനുഷികപരമായ സഹായം ആവശ്യമാണെന്ന് യുഎന്‍ പ്രസ്താവനയില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.