ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടരുത്;ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം.അഴിമതിയാരോപണത്തില്‍ ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത സര്‍ക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെക്കാം. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍, ലോകായുക്തക്ക് പരാതി നല്‍കിയാല്‍ കാര്യവുമില്ലെന്ന നിലയിലേക്കെത്തും. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കെ റെയില്‍ അടക്കം സര്‍ക്കാരിനെതിരായ കേസുകള്‍ വരുന്നത് മുന്നില്‍ കണ്ടാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ഈ നിയമ ഭേഗഗതിക്കുള്ള ഓഡിനന്‍സ്. സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഓര്‍ഡിന്‍സെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.അതേസമയം ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ല്‍ ഇകെ നായനാരുടെ കാലത്ത് നിലവില്‍ വന്ന ലോകായുക്ത നിയമത്തില്‍, ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല.

© 2024 Live Kerala News. All Rights Reserved.