നേതാക്കള്‍ രോഗം പടര്‍ത്തുന്നു;കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം പാര്‍ട്ടി സമ്മേളനം നടത്താന്‍;ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സി.പി.ഐ.എമ്മിന് പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.സി പി. ഐ.എം സമ്മേളനം നടത്താന്‍ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കൊവിഡ് ചട്ടങ്ങള്‍ അട്ടിമറിക്കുകയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേര്‍ക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.”കൊവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തിയും സൗകര്യത്തിനനുസരിച്ച് വളച്ചൊടിച്ചും സി.പി.ഐ.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡ് ഇന്നലത്തെ ടി.പിആര്‍ 36 ആണ്. തൃശൂരില്‍ അത് 34 ആണ്. ടി.പി.ആര്‍ ഇത്രമാത്രം വര്‍ധിച്ചിരിക്കുന്ന ഈ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി.തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മന്ത്രി, എം.എല്‍.എമാര്‍, നൂറ് കണക്കിന് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വ്യാപകമായി കൊവിഡ് ബാധിച്ചു. പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ ക്വാറന്റൈനില്‍ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്.പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്,” പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുപരിപാടികൾ റദ്ദാക്കിയെന്ന ഉത്തരവ് കാസർകോട് കളക്ടർ നിമിഷങ്ങൾക്കകം റദ്ദാക്കി. സമ്മർദ്ദം മൂലമല്ല അങ്ങനെ ചെയ്തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂ. ആരോ​ഗ്യവകുപ്പ് നിശ്ചലമാണ് ആരോ​ഗ്യവകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.

© 2024 Live Kerala News. All Rights Reserved.