ചൈന പുതിയ പാത തെളിക്കുന്നു;വിമര്‍ശനങ്ങള്‍ തള്ളി കോടിയേരി

തിരുവനന്തപുരം: ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈനയെ പറ്റി പറഞ്ഞ വിമര്‍ശനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിഞ്ഞു. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ് എന്നും കോടിയേരി അഭിപ്രായപ്പെട്ടു. ആഗോളതാപന വിഷയത്തിലും താലിബാനോടുള്ള സമീപനത്തിലും ചൈനക്കെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനമുണ്ടായിരുന്നു. ചൈനയുടെ നിലപാടുകള്‍ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു കോടിയേരിയുടെ പ്രതികരണം.
വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞുവെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ല എന്നും പിണറായി വിമര്‍ശിച്ചു.

© 2024 Live Kerala News. All Rights Reserved.