ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചു; മുസ്ലിം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ചു; മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

കോഴിക്കോട്: മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ച് കോടിയേരി .ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്.
മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവര്‍ഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലുംനിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ആ സംഘടന പിന്നീട് ഉയര്‍ത്തി. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെകൂടി ഫലമായി ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തത്. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി പറഞ്ഞു.ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്. 1948 മാര്‍ച്ച് 10നു രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഭാഗമാണ് ഇവിടത്തെ ലീഗ് എന്നുപറയുന്നു. പക്ഷേ, ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊള്ളേണ്ട ഉത്തരവാദിത്തം ഇവിടത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ട്. അത് ലംഘിക്കുന്നതില്‍ ബിജെപിയും ആര്‍എസ്എസും നിര്‍ലജ്ജം മുന്നിലാണ്. അവരുടെ ശൈലിക്ക് സമാനമായി വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടത്തെ ഐയുഎംഎല്‍ വഖഫ് ബോര്‍ഡിലെ നാമമാത്രമായ തസ്തികകളുടെ നിയമനത്തിന്റെ പേരില്‍ കോലാഹല സമരം നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.