യുപിയില്‍ നേതാക്കളുടെ കൂടുമാറ്റം; യോഗി ആദിത്യനാഥ് അയോദ്ധ്യയില്‍ മത്സരിച്ചേക്കും?

ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ കൂടുതല്‍ സുരക്ഷിത മണ്ഡലം തേടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ ഗൊരഖ്പൂരില്‍ നിന്നും ജനവിധി തേടാതെ അയോധ്യയില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നു എന്നാണ് സൂചനകള്‍. . ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാകും ഉണ്ടാകുക. കോര്‍ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും മത്സരിക്കാന്‍ യോഗി സന്നദ്ധത അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു യോഗി. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് അദ്ദേഹം നിയമനിര്‍മ്മാണ സഭയില്‍ തുടരുന്നത്. എന്നാല്‍ ഇപ്രാവശ്യം യോഗി അയോദ്ധ്യയില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന പൊതുവികാരം.ഉത്തര്‍പ്രദേശില്‍ നിന്നും യോഗിക്കെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പറഞ്ഞിരുന്നു. യോഗി ഏത് മണ്ഡലത്തില്‍ നിന്നുമാണോ മത്സരിക്കുന്നത്, അതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസമായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇതോടെ ബി.ജെ.പിയില്‍ നിന്നും രാജി വെച്ച എം.എല്‍.എമാര്‍ ആറായി. സര്‍ക്കാരില്‍ നിന്നും ദളിത്, പിന്നാക്ക വിഭാഗക്കാര്‍ക്ക് അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ധാരാ സിംഗിന്റെ രാജി.ഇതിന് മുന്‍പേ ബി.ജെ.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ ബി.എസ്.പിയില്‍ നിന്നും രാജിവെച്ചായിരുന്നു മൗര്യ ബി.ജെ.പിയിലെത്തിയത്.ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

© 2024 Live Kerala News. All Rights Reserved.