സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ കേസെടുത്തു; 500ലധികം പേര്‍ക്കെതിരെ

തിരുവനന്തപുരം: സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പിന്നാലയാണ് ജില്ലാ പഞ്ചായത്ത് അംഗമടക്കം കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതി ജില്ലാ പഞ്ചായത്ത് അംഗമായ വി.ആര്‍ സലൂജയാണ്. ഇവരുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്.തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് 502 പേരെ അണിനിരത്തി തിരുവാതിര കളി സംഘടിപ്പിച്ചത്. പാറശാല ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ മൈതാനത്ത് തിരുവാതിര അവതരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സി.പി.എം മെഗാ തിരുവാതിര നടത്തിയതിനെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കാണികളായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്തിയത്. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിവാഹ – മരണചടങ്ങുകളില്‍ പരാമവധി 50 പേര്‍ പങ്കെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പാര്‍ട്ടി തന്നെ ഇത് ലംഘിച്ചിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602