മലബാര്‍ മന്ത്രി മുഹമ്മദ് റിയാസ്; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മുഹമ്മദ് റിയാസിന് വിമര്‍ശനം

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് വിമര്‍ശം. ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. മുഹമ്മദ് റിയാസിനെ മലബാര്‍ മന്ത്രിയെന്ന് പരിഹാസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നത് എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ജില്ലയായ ഇടുക്കിക്ക് അതനുസരിച്ചുള്ള പരിഗണന ലഭിച്ചില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.ഇടുക്കി ജില്ലയെ പൂര്‍ണമായി അവഗണിച്ചുവെന്നും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ഇടുക്കി ജില്ല സമ്മേളനത്തില്‍ പോലീസ് വീഴ്ച സമ്മതിക്കുന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണനും നല്‍കിയത്. ആഭ്യന്തര വകുപ്പില്‍ സിപിഎം ഇടപെടുന്നു എന്നായിരുന്നു വിമര്‍ശനം. ഇതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും മറുപടി പ്രസംഗത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി. അതേസമയം, മൂന്ന് ദിവസമായി കുമളിയില്‍ നടന്നുവരുന്ന സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്ത് ഇന്ന് സമാപനമാകും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പില്‍ കെ കെ ജയചന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത.

© 2024 Live Kerala News. All Rights Reserved.