ദേവാലയത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കണം;ക്രൈസ്തവ വിശ്വാസികളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തരുത്; പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് നിര്‍ദേശങ്ങളുമായി ഇടുക്കി രൂപത

ഇടുക്കി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റു എംഎല്‍എയുമായിരുന്ന പി.ടി തോമസിന്റെ ചിതാഭസ്മം അടക്കെ ചെയ്യുന്നതില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇടുക്കി രൂപത. ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍.ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പ്രാധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് സഭ പുറപ്പെടുവിച്ചിരിക്കുന്നത്.ദേവാലയവും പരിസരവും സെമിത്തേരിയും സഭ പരിപാലിച്ച് പോരുന്ന ഇടങ്ങളാണ്. അവയുടെ പരിപാവനത കാത്ത് സൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. സഭയുടെ ഔദ്യോഗിക കര്‍മ്മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നത്. എന്നാലും ചടങ്ങില്‍ പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണം. ക്രൈസ്തവ വിശ്വാസികളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കുവാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരും നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കണം. എന്നിവയാണ് സഭയുടെ നിര്‍ദ്ദേശങ്ങള്‍.പി.ടി തോമസിന്റെ ആഗ്രഹ പ്രകാരം ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിലാണ് ചിതാ ഭസ്മം അടക്കം ചെയ്യുക. വൈകുന്നേരം നാല് മണിക്കാണ് ചടങ്ങുകള്‍. ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര അദ്ദേഹത്തിന്‍ പാലാരിവട്ടത്തെ വീട്ടില്‍ നിന്നും രാവിലെ ആരംഭിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിടിയുടെ വീട്ടില്‍ എത്തിയിരുന്നു.11 മണിയോടെ നേര്യമംഗലത്ത് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതിയാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാര്‍കുട്ടി, 2ന് പാറത്തോട്, 3ന് മുരിക്കാശേരി എന്നിവിടങ്ങളില്‍ എത്തിച്ചേരും. വൈകുന്നേരം 4ന് ഉപ്പുതോട്ടില്‍ എത്തിച്ചേരും. ചിതാഭസ്മം ഉപ്പുതോട് കുരിശടിയില്‍ കുടുംബാംഗങ്ങള്‍ക്കു കൈമാറും.

© 2024 Live Kerala News. All Rights Reserved.