ന്യൂഡല്‍ഹി:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് ഉയര്‍ന്നു. ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 115 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മഹാരാഷ്ട്രയില്‍ 108 പേര്‍ക്കും ഡല്‍ഹിയില്‍ 79 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്. കേരളത്തില്‍ ഇതുവരെ 37 കേസുകളും, തമിഴ്നാട്ടില്‍ 34, ഗുജറാത്ത് 43, തെലങ്കാന 38, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലില്‍ ഇതുവരേയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, 24 മണിക്കൂറിനുളളില്‍ 7189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 387 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,79,520 ആയി. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, കര്‍ണാടക, മിസോറാം, മാഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കേരളത്തിലേയും മിസോറാമിലേയും കൊവിഡ് നിരക്കുകള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് നല്‍കിയത് കൊണ്ടു മാത്രം ഒമിക്രോണിനെ തടഞ്ഞു നിര്‍ത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആവശ്യമെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളും ആള്‍കൂട്ടങ്ങളും ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.