ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം നടന്നതായി പഠനറിപ്പോര്‍ട്ട്. മെട്രോ നഗരങ്ങളില്‍ രോഗികള്‍ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് ഇതുപ്രകാരം പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജീനോം സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യത്തിന്റേതാണ് പഠനം.രണ്ടാം തരംഗത്തെ അപേക്ഷിച്ച് അതിവേഗത്തിലുള്ള രോഗവ്യാപനമാണ് മൂന്നാംതരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജിനോം പരിശോധന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.അതേസമയം,ഒരിക്കല്‍ ഒമിക്രോണ്‍ ബാധിച്ചയാളുകള്‍ക്ക് വീണ്ടും അണുബാധ ഏല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാജ്യത്തെ പ്രധാന ആരോഗ്യവിദഗ്ധര്‍ പറയുന്നു.അതിനിടെ രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.