കോഴിക്കോട് ജില്ലയില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നതായി പഠന റിപ്പോര്‍ട്ട്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കോഴിക്കോട് സമൂഹ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്ദര്‍.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് 75 ശതമാനം പേരും ഒമിക്രോണ്‍ വകഭേദം ബാധിച്ചവരാണെന്ന് തെളിഞ്ഞത്. ആശുപത്രിയിലെത്തിയ 51 കോവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തി.വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമില്ലാത്തവരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നും ആരോഗ്യ വിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു.നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ബീച്ച്, മാളുകള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.അതേസമയം, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.ഒഴിവാക്കാനാവാത്ത കേസുകള്‍ക്ക് മാത്രം വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.അതേസമയം, മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാവും. ടി.പി.ആര്‍ 20ന് മുകളിലെത്തിയ ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി.കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

© 2024 Live Kerala News. All Rights Reserved.