തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍;അതീവ ജാഗ്രതാ നിര്‍ദേശം;കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഉടനില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഇതോടെ തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 34 ആയി.ചെന്നൈയിലാണ് കൂടുതല്‍ പേര്‍ക്കും രോഗം. 26 രോഗികളാണ് ചെന്നൈയില്‍ മാത്രമുള്ളത്. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങി.ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു.സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ തമിഴ്‌നാടാണുള്ളത്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 200 കടന്നു.അതേ സമയം, കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള അപേക്ഷകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോ ഇ യും അടക്കം നല്കിയ അപേക്ഷകള്‍ കേന്ദ്രം നിരസിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. ബയോ- ഇയുടെ കൊര്‍ബ് വാക്‌സീനും അംഗീകാരമില്ല. രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഒമിക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്ന് ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ദില്ലിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

© 2024 Live Kerala News. All Rights Reserved.