ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുന്നു. ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 19 പേരും വിദേശത്ത് നിന്നുവന്നവരാണ്. ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 200 കടന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തള്ളാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.അതേസമയം ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഡല്‍ഹിയിലും മുംബൈയിലും ആണ്. ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണവും, പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 10 ശതമാനത്തിന് മുകളില്‍ പോസിറ്റീവിറ്റി നിര്ക്കുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.