മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഒമാനില്‍നിന്ന് എത്തിയ മംഗളൂരു സ്വദേശിക്ക് ; ഇയാള്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ പോളിന്റെ മുന്നറിയിപ്പ്.അനാവശ്യ യാത്രകള്‍, തിരക്ക്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു. ഈ രീതിയില്‍ കടന്നുപോകുകയാണെങ്കില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതിനേക്കാള്‍ വേഗതയിലാണ് ഒമിക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.