ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും കേന്ദ്ര നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. അതേസമയം വെള്ളിയാഴ്ച കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.