ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു. രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം വേണം. 19 ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, ദില്ലിയില്‍ പത്ത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.