ദുബായ്‌ കമ്പനികള്‍ ഉച്ചവിശ്രമ നിയമം ഫലപ്രദമായി നടപ്പാക്കി

 

ദുബായ്:കഠിനമായ ചൂടില്‍നിന്നു തൊഴിലാളികള്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ 10 വര്‍ഷം മുന്‍പ് ആരംഭിച്ച ഉച്ചവിശ്രമ നിയമം ഇത്തവണ മിക്ക കമ്പനികളും പാലിച്ചെന്ന് അധികൃതര്‍. പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബറേഴ്‌സ് അഫയേഴ്‌സ് ഇന്‍ ദുബായ് (പിസിഎല്‍എ ദുബായ്) ജൂലൈ 30 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു വിലയിരുത്തല്‍. ദുബായിലെ തൊഴില്‍ സ്ഥലങ്ങളില്‍ പിസിഎല്‍എ പട്രോളിങ് നടത്തുന്നുണ്ട്. അടുത്ത മാസം 15 വരെയാണ് ഉച്ചവിശ്രമ നിയമം നിലവിലുള്ളത്. ജൂണ്‍ പതിനഞ്ച് മുതല്‍ നടപ്പാക്കിയ നിയമപ്രകാരം ഉച്ചയ്ക്ക് 12.30 മുതല്‍ 3.30വരെ തൊഴിലാളികള്‍ക്ക് ഇളവ് നല്‍കണമെന്നാണ് വ്യവസ്ഥ. പിസിഎല്‍എഡിയുടെ പരിശോധന എല്ലാദിവസവും ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിക്കും. മൂന്നിന് അവസാനിക്കും. പരിശോധന നടത്തുന്നതുകൂടാതെ, ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ടെന്നു പിസിഎല്‍എഡി ചെയര്‍മാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ഡപ്യൂട്ടി ഡയറക്ടറുമായ മേജര്‍ ജനറല്‍ ഒബെയ്ദ് മുഹെയ്ര്‍ ബിന്‍ സുറൗര്‍ അറിയിച്ചു. പട്രോള്‍ സംഘം നിയമലംഘനങ്ങള്‍ സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിച്ചാണു റിപ്പോര്‍ട്ടുചെയ്യുന്നത്. നിരോധനമുള്ള സമയത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദൃശ്യം പകര്‍ത്തിയശേഷം കമ്മിറ്റിക്ക് ഉടന്‍തന്നെ സംഘം റിപ്പോര്‍ട്ട് ചെയ്യും. നിയമലംഘനമുണ്ടായാല്‍ ഉടന്‍ കമ്പനി ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. പതിനായിരത്തോളം തൊഴില്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും 9662 സ്ഥാപനങ്ങളും നിയമം പാലിച്ചിരുന്നെന്നും മേജര്‍ ജനറല്‍ പറഞ്ഞു. തൊഴിലാളികളുടെ സംരക്ഷണം, ആരോഗ്യം, മികച്ച തൊഴില്‍ സാഹചര്യം തുടങ്ങിയവ ഉറപ്പുവരുത്താനാണ് പരിശോധന. നേരിട്ട് സൂര്യാതപം ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കി കഠിന ചൂട് നേരിടുന്ന അവസ്ഥയില്‍നിന്നു തൊഴിലാളികള്‍ക്കു സംരക്ഷണം നല്‍കാനും പിസിഎല്‍എഡി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.നൂറ് ശതമാനത്തോളം കമ്പനികളും നിയമം പാലിച്ചെന്നു പിസിഎല്‍എ കോ–ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മുനായിം അല്‍ മിഡാവി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.