സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാതെ 5000 അധ്യാപകര്‍; നടപടിയെടുക്കാന്‍ നീക്കം;വാക്സിനെടുക്കാതെ അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഏകദേശം 5,000 ത്തോളംഅധ്യാപകര്‍ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് നീക്കങ്ങള്‍ ആരംഭിച്ചു. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ചാണ് വകുപ്പുതല നടപടി എടുക്കാന്‍ പോകുന്നത്.അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വിഷയം ആരോഗ്യ വകുപ്പിൻെറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു .47 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രശ്‌നമാണ്.കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്സിന്‍ എടുക്കാത്തത്. എന്നാല്‍ ഇതില്‍ അധികം പേരും മതിയായ കാരണമില്ലാതെയാണ് വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ ആക്കാനുള്ള ശുപാര്‍ശ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്‍ എടുക്കാത്ത അധ്യാപകരെ കണ്ടെത്തി നടപടിയെടുക്കാന്‍ കര്‍ശന തീരുമാനം എടുത്തത്.അതേസമയം വിഷയങ്ങള്‍ തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകരുടെ പരാതിയും, കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ തുടങ്ങിയതോടെയുമാണ് ക്ലാസുകള്‍ പഴയത് പോലെയാക്കാന്‍ ധാരണയായത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം എന്ന് നിലയിലായിരിക്കും ക്ലാസുകള്‍ നടത്തുക. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

© 2022 Live Kerala News. All Rights Reserved.