ലോകത്ത് ഒമിക്രോണ്‍ ജാഗ്രത;ജര്‍മനിയിലും ബ്രിട്ടനിലും ഇസ്രായേലിലും രോഗം സ്ഥിരീകരിച്ചു;യാത്രാനിയന്ത്രണം കര്‍ശനമാകും

ന്യൂഡല്‍ഹി:ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നു.ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. രോഗത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിലാണ് ലോകരാജ്യങ്ങള്‍.ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ എന്നിവിടങ്ങള്‍ക്ക് പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. ഇവരില്‍ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ സമ്പര്‍ക്കവിലക്കിലാക്കി. നെതര്‍ലാന്‍ഡ്സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.അതേസമയം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു. മാന്‍ കി ബാത്തിലൂടെപധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.