Special Report: ഇസ്ലാമിക് സ്‌റ്റേറ്റില്‍ തേജസ് ദിനപത്രം പാലക്കാട് മുന്‍ റിപ്പോര്‍ട്ടറും..? വിദേശത്തുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഐബിയുടെ നിരീക്ഷണത്തില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ കേരളത്തില്‍ നിന്നുള്ള മലയളികളെ കുറിച്ച് സ്ഥിരീകരണം. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിന്റെ മുന്‍ ലേഖകനാണ് തീവ്രവാദ സംഘടനയില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേ സമയം പാലക്കാട് സ്വദേശിയായ ഈ യുവാവിന് തേജസുമായി യൊതുരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് പത്രം അവകാശപ്പെടുന്നു. നേരത്തെ തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയെ കേസുമായി ബന്ധപ്പെട്ട് തേജസിന്റെ പത്രാധിപ സമിതി അംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ തേജസ് പത്രത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം വിലക്കിയിരുന്നു. തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനായിരുന്നു മുന്നറിയിപ്പ്. എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു മലയാള പത്രത്തില്‍ പാലക്കാട് ജില്ലയിലാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തത്. ഹ്രസ്വകാലത്തെ ജോലിക്കിടെ തന്നെ ഈ ഇരുപത്തിനാലുകാരന്‍ ഐഎസിന്റെ ആശയ പ്രചാരണത്തില്‍ അതീവ തല്‍പരനായി. സമൂഹമാധ്യത്തില്‍ കൂടിയാണ് ഇയാള്‍ ഈ സംഘടനയുമായി അടുത്തതും പ്രചാരകനായതും. ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. പിന്നീടു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്നു പിതാവിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ ഇവിടത്തെ ജോലി രാജിവച്ചു ഗള്‍ഫിലേക്കു പോയി. അവിടെ ഇതേ പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണു വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചു സിറിയയിലേക്കു കടന്നതും ഐഎസില്‍ ചേര്‍ന്നതും. കുറച്ചുകാലം ഇയാളെക്കുറിച്ചു കാര്യമായ വിവരം ആര്‍ക്കുമില്ലായിരുന്നു. പിന്നീടു ലണ്ടനില്‍ ഒരു ഐഎസ് പ്രവര്‍ത്തകന്‍ പിടിയിലായപ്പോഴാണ് ഇയാള്‍ ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിശദവിവരം ലഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയ ചില മലയാളികള്‍ ‘അപ്രത്യക്ഷ’രായതിനെക്കുറിച്ചു കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ രഹസ്യാന്വേഷണം നടത്തുന്നുണ്ട്. 25 ലക്ഷത്തിലേറെ മലയാളികളാണു ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നത്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണു കൂടുതല്‍ ഐഎസ് അനുഭാവികള്‍ രാജ്യം വിടുന്നത്. മത തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ച് വിദേശത്തേക്ക് കടന്ന മലയാളികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു.

Courtesy: Daily Indian Herald

© 2024 Live Kerala News. All Rights Reserved.