ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ല; സിപിഎം നേതാക്കള്‍ക്ക് പങ്ക്; പിന്നില്‍ കൊടിസുനിയും സംഘവുമെന്ന് സിബിഐ; സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചത്

കൊച്ചി: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്ന് സിബിഐ .മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വാദിക്കുന്നത്. ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ പങ്കുണ്ടെന്നും സിബിഐ ആവര്‍ത്തിക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ് ശരിയെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആര്‍.എസ്.എസ് ആണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ പൊലീസ് കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചതാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

2006 ഒക്ടോബര്‍ 22-നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. എന്നാല്‍ സുബീഷിന്റെ ഈ വെളിപ്പെടുത്തല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈ 7-നാണ് കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു സിബിഐയോട് കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരക് ഉള്‍പ്പടെയുള്ളവരാണ് ഫസലിനെ വധിച്ചതെന്ന സുബീഷിന്റെ മൊഴിയില്‍ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുള്‍ സത്താറിന്റെ ഹര്‍ജിയിലെ ആവശ്യം. വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസാണ് തലശ്ശേരി ഫസല്‍ വധം. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളില്‍ സിബിഐ ഏറ്റെടുത്ത ആദ്യകേസ് കൂടിയാണ് ഫസല്‍ വധം.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602