പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കും; ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്

വാഷിങ്ടൻ: പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്രിവർ പറഞ്ഞു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനു ചൈന നൽകിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കശ്മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കശ്മീരിൽ സംഘർഷം വിതയ്ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാൻ കഴിഞ്ഞില്ല. പാക്കിസ്ഥാനുമായി ചൈനയ്ക്കു ദീർഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്.

© 2024 Live Kerala News. All Rights Reserved.