കേരളത്തിലെ ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം: രമേശ് ചെന്നിത്തല

പത്തനംതിട്ട: പ്രത്യേക ഭരണസമിതി രൂപീകരിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍, മറ്റു ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നവോത്ഥാന നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ശബരിമല വിഷയത്തില്‍ തെറ്റു പറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്.

ഇത് തന്നെ സിപിഎമ്മിലെ ഭിന്നതയാണ് സൂചിപ്പിക്കുന്നത്. സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്ബ വരെ കടത്തിവിടണമെന്ന കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.